ബാങ്കുകൾക്ക് നല്ലൊരു ഓഫർ നൽകിയിട്ടും കുടിശികക്കാരനായി തന്നെ കണക്കാക്കുന്നതെന്തിനു വേണ്ടി: ഇന്ത്യൻ മാധ്യമങ്ങളോട് മല്യ

ചൊവ്വ, 3 മെയ് 2016 (11:48 IST)
കുടിശികക്കാരൻ എന്നു തന്നെ വിളിക്കുന്നതിനു മുൻപ് സത്യമെന്താണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ മാധ്യമങ്ങളോട് രാജ്യം വിട്ട വിവാദ മദ്യവ്യവസാ‍യി വിജയ് മല്യ. വായ്പാ തുകയിൽ നല്ലൊരു ശതമാനം തിരിച്ചുനൽകാമെന്നു താന്‍ ബാങ്കുകൾക്ക് വാഗ്ദാനം നൽകിയിരുന്നു. പക്ഷേ അവര്‍ അതിനു തയ്യാറായില്ല. പിന്നേയും എന്തിനാണ് തന്നെ കുടിശികക്കാരനെന്നു വിളിക്കുന്നത്. കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ താന്‍ വായ്പയെടുത്തുവെന്ന കാര്യം സത്യമാണ്‍. താന്‍ ഇപ്പോള്‍ ഒരു കടക്കാരനുമാണ്‍. എന്നാൽ ബാങ്കുകൾക്ക് നല്ലൊരു ഓഫർ നൽകിയിട്ടും കുടിശികക്കാരനായി തന്നെ കണക്കാക്കുന്നതെന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല– മല്യ ട്വിറ്ററിലൂടെ ആരാഞ്ഞു. 
 
ഇന്നലെയാണ് മല്യ രാജ്യസഭാംഗത്വം രാജിവച്ചത്. രാജ്യസഭയുടെ എത്തിക്സ് കമ്മിറ്റി മല്യയെ പുറത്താക്കാൻ നടപടി തുടങ്ങാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. ഇനിയും തന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴയ്ക്കുന്നതിൽ താൽപര്യമില്ലെന്നായിരുന്നു രാജിക്കത്തിൽ മല്യ വ്യക്തമാക്കിയത്.
 
കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9400 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെയാണ് മല്യ  ലണ്ടനിലേക്കു മുങ്ങിയത്. അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. വായ്പാ ഇനത്തിൽ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു മല്യ ബാങ്കുകളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാഗ്ദാനം ബാങ്കുകളുടെ കൺസോർഷ്യം തള്ളുക്കളഞ്ഞു. കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു മല്യ രാജ്യം വിട്ടത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക