പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കും, ആറു മാസത്തിനുള്ളിൽ അന്തിമതീരുമാനം

വെള്ളി, 12 ഓഗസ്റ്റ് 2016 (07:44 IST)
പശ്ചിമഘട്ട സരക്ഷണത്തിനുള്ള കരടു വിജ്ഞാപനത്തിൽ അന്തിമതീരുമാനം ആറുമാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിന് പുറമെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നല്ല നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമഘട്ടമേഖലയിലെ പാര്‍ലമെന്റഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തില്‍ വനസാന്ദ്രതയും ജനസാന്ദ്രതയും വളരെ കൂടുതലായതിനാല്‍ ജനങ്ങള്‍ക്ക് ദ്രോഹകരമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരളത്തില്‍നിന്നുള്ള എം പിമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വനങ്ങള്‍ 21 ശതമാനം മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 29 ശതമാനമണ്. അതേസമയം, സംസ്ഥാനത്തിന്റന്റെ പച്ചപ്പുനിലനിര്‍ത്തുന്നത് കര്‍ഷകരാണ്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതി മേഖലയുടെ പരിധിയില്‍നിന്നും പൂര്‍ണമായി ഒഴിവാക്കണം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ കൃഷി നടത്തുകയും ജീവിതരീതി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്നും എം പിമാര്‍ ബോധിപ്പിച്ചു.
 
പരിസ്ഥിതിയും വികസനവും ഒരുമിച്ച് കൊണ്ടുപോകുകയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി അനിൽ ദവെ വ്യക്തമാക്കി. പശ്ചിമഘട്ട മേഖലയില്‍ ജീവിക്കുന്ന ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും റോഡുകള്‍, വൈദ്യുതി, കുടിവെള്ളം പോലെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകണമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക