ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ ലേലത്തിന്; ലേലം പിടിച്ചാല്‍ നിങ്ങളുടെ കമ്പനിയുടെ പേര് മെട്രോ സ്റ്റേഷന് നല്കാം

വെള്ളി, 29 ഏപ്രില്‍ 2016 (15:52 IST)
ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍ പേരു മാറ്റുന്നതിനായി ലേലത്തിന്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) ആണ് അധികവരുമാനം നേടുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ ലേലം വിളിച്ചിരിക്കുന്നത്. ഡി എം ആര്‍ സി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്.
 
ഇപ്പോള്‍ വൈശാലി മെട്രോ സ്റ്റേഷന്റെ പേരു മാറ്റുമ്പോള്‍ അത് ‘ദൈനിക് ജാഗ്രണ്‍ - വൈശാലി’ എന്നായി മാറും. നോയിഡ സിറ്റി സെന്റര്‍ ‘വേവ് നോയിഡ സിറ്റി സെന്റര്‍’ എന്നും എം ജി റോഡ്, ‘ സിസ്ക എല്‍ ഇ ഡി-എംജി റോഡ്’ എന്നുമായിരിക്കും മാറുക. ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ പേരു മാറ്റുന്നതിലെ വാണിജ്യതന്ത്രം. വെറുതെ ഒരു പേരു മാറ്റലല്ല, പേരു മാറ്റുന്നതിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നതാണ് ഡി എം ആര്‍ സി ലക്‌ഷ്യമിടുന്നത്.
 
ലേലത്തിനായി ഇരിക്കുന്ന മറ്റു സ്റ്റേഷനുകള്‍ പിതംപുര, ആസാദ്‌പുര്‍, വിശ്വവിദ്യാലയ, ദ്വാരക സെക്‌ടര്‍ 14, പ്രഗതി മൈതാന്‍, ദ്വാരക സെക്‌ടര്‍ 10 എന്നിവയാണ്. പേരു മാറ്റിയാലും സ്റ്റേഷന്റെ പേരില്‍ കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്ന് ഡി എം ആര്‍ സി വക്താവ് പറഞ്ഞു. സ്റ്റേഷന്റെ പേരിന്റെ ആദ്യമോ അവസാനമോ ആയിരിക്കും പേരു ചേര്‍ക്കുക. എന്നാല്‍, മാപ്പിലോ അനൌണ്‍സ്‌മെന്റിലോ പേരില്‍ വ്യത്യാസം ഉണ്ടായിരിക്കില്ല. അധികവരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വക്താവ് വ്യക്തമാക്കി.
 
രാജ്യത്തെ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എതു കമ്പനിക്കും ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക