ബംഗാൾ തെരഞ്ഞെടുപ്പ് : ആശങ്കയും ആശയക്കുഴപ്പവുമായി സി പി എം നേതൃത്വം

ശനി, 23 ഏപ്രില്‍ 2016 (07:35 IST)
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പ് തന്നെ ആശങ്കയും ആശയക്കുഴപ്പവുമായി സി പി എം നേതൃത്വം. കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ട് മത്സരഫലം വിജയമാണെങ്കിലും പരാജയമാണെങ്കിലും പ്രശ്‌നമാകുമെന്നുതന്നെയാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. 
 
ഈ കൂട്ടുകെട്ടു വിജയിക്കുകയാണെങ്കില്‍ പൊതു മിനിമം പരിപാടിയുമായി ഭരിക്കുമെന്നാണ് ബംഗാൾ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞത്. എന്നാല്‍, അത്തരമൊരു ചർച്ചയുമുണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും വ്യക്തമാക്കുന്നു. ബംഗാളിലെ പിൻവാതിൽ ചങ്ങാത്തം ഒരുമിച്ചുള്ള പ്രചാരണത്തിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസ് സ്‌ഥാനാർഥിക്കായി സി പി എം നേതാക്കളും അതുപോലെ തിരിച്ചും പ്രചാരണത്തിനിറങ്ങുന്നുണ്ട്. 
 
മനസില്ലാമനസോടെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും പരാജയമാണ് ഫലമെങ്കിൽ ബംഗാൾ ഘടകം മാത്രമല്ല, ജനറൽ സെക്രട്ടറിയും കടുത്ത വിമർശനമേൽക്കേണ്ടിവരും. കോൺഗ്രസുമായി ധാരണയോ കൂട്ടുകെട്ടോ പാടില്ലെന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കാനാവാത്തയാൾ ജനറൽ സെക്രട്ടറിയായിരിക്കാൻ യോഗ്യനല്ലെന്നു വാദിച്ചവരും പൊളിറ്റ് ബ്യൂറോയിലുണ്ട്. എന്നാല്‍, ഇടതുപക്ഷത്തെ മറ്റുകക്ഷികൾ ഇതേക്കുറിച്ചു കാര്യമായൊന്നും പറയുന്നില്ലെന്നതു ശ്രദ്ധേയമാണ്. കോൺഗ്രസും സി പി എമ്മുമായുള്ള ഇടപാടാണ്, ജനവികാരമാണ് എന്നൊക്കെ മാത്രമാണ് ഇതേക്കുറിച്ച് മറ്റൊരു ഇടതുപാർട്ടിയുടെ നേതാവു പ്രതികരിച്ചത്. 
 
ഈ കൂട്ടുകെട്ട് ജയത്തിനു വഴിവെച്ചാല്‍ അതിന്റെ അടിസ്‌ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ടുനീക്കന്നതും ജനറൽ സെക്രട്ടറിക്കു വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. കോൺഗ്രസുമായി ഭരണം പങ്കിടുന്നതെങ്ങനെയെന്ന വലിയ ചോദ്യമാവും അപ്പോൾ ജനറൽ സെക്രട്ടറിക്കു മുന്നിലുണ്ടാവുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക