യാദവകുടുംബത്തില്‍ പുതിയ വഴിത്തിരിവ്; തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവ്‌പാല്‍

ചൊവ്വ, 31 ജനുവരി 2017 (16:30 IST)
സമാജ്‌വാദി പാര്‍ട്ടിയില്‍ പുതിയ വഴിത്തിരിവ്. സമാജ്‌വാദി പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് ശിവ്‌പാല്‍ യാദവ് ആണ് പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ശിവ്‌പാല്‍ യാദവിന്റെ പ്രഖ്യാപനം.
 
ഇറ്റാവയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് ശിവ്‌പാല്‍ യാദവ് ഇക്കാര്യം അറിയിച്ചത്. താന്‍ കാലങ്ങളായി സ്ഥാനാര്‍ത്ഥിയാകുന്ന ഇറ്റാവയിലെ ജസ്വന്ത്‌നഗര്‍ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു.
 
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം അതായത് മാര്‍ച്ച് 11ന് ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവ്‌പാല്‍ അനുയായികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ശിവ്‌പാലിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതിന് മറുപടി നല്കി. പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 100 മീറ്ററിനു അപ്പുറത്തേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ സ്വതന്ത്രന്‍ ആയി മത്സരിക്കുമെന്നും, സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന എല്ലാവരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമെന്നും ശിവ്‌പാല്‍ യാദവ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക