ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്: പ്രധാനമന്ത്രി
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബിജെപി സർക്കാരിനെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ സാഹചര്യം തണുപ്പിക്കാന്‍ പ്രസ്‌താവനയുമായി നരേന്ദ്ര മോദി രംഗത്ത്. കേന്ദ്രത്തിലെ സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.
പാവപ്പെട്ടവരുടെ മനസ് വിജയിക്കുന്നതിന് വേണ്ടി ബിജെപിയുടെ സംഘടനാ ശക്തി ഉപയോഗിക്കണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗമായിട്ട് രാജ്യത്തെ പാവപ്പെട്ടവരെ കാണരുത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നും ഡൽഹിയിൽ ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവിൽ സംസാരിക്കവെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബിജെപി നിർവാഹക സമിതിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കടുത്ത പ്രതിസന്ധികൾക്കിടയിലും നോട്ട് അസാധുവാക്കൽ നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി അനുമോദിച്ചതായും രവിശങ്കർ പ്രസാദ് അറിയിച്ചു.