പാവപ്പെട്ട ജനങ്ങൾ ശാന്തരായി ഉറങ്ങുന്നു, ധനികർ ഉറക്ക ഗുളിക തേടി നടക്കുന്നുവെന്ന് മോദി

തിങ്കള്‍, 14 നവം‌ബര്‍ 2016 (14:22 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവാക്കിയതോടെ പാവപ്പെട്ട ജനങ്ങ‌ൾ ശാന്തരായി ഉറങ്ങുകയാണെന്നും ധനികർ ഉറക്കം നഷ്ടപ്പെട്ട് ഉറക്ക ഗുളിക തേടി നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുപ്പമേറിയ ചായ പോലെയാണ് നോട്ട് അസാധുവാക്കൽ നടപടിയെന്നും പാവപ്പെട്ട ജനങ്ങൾക്ക് കടുപ്പമേറിയ ചായയാണ് ഇഷ്ടമെന്നും മോദി ഉപമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ റെയില്‍ വെ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
 
നോട്ട് അസാധുവാക്കൽ നടപടിയിലൂടെ രാജ്യത്ത് പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരം കുറച്ചുവെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് 500, 1000 നോട്ടുകൾ കള്ളപ്പണമായി സൂക്ഷിക്കുന്നവരെ പിടികൂടേണ്ടത് നമ്മുടെ ആവശ്യമാണെന്നും അവരെ പിടികൂടുന്നതിനായി ജനങ്ങൾ കുറച്ച് കഷ്ടതകൾ അനുഭവിക്കാൻ തയ്യാറാകണമെന്നും മോദി കൂട്ടിച്ചേർത്തു.
 
ജനങ്ങളുടെ ദുരിതങ്ങൾ 50 ദിവസം കൊണ്ട് അവസാനിക്കുമെന്ന് മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ തനിക്കെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളെ തനിക്കറിയാം. 70 വര്‍ഷമായി അനധികൃതമായി സമ്പാദിച്ചതൊക്കെ നഷ്ടപ്പെടുന്നതിന്റെ പരിഭ്രാന്തിയിലാണ് അവര്‍. അവർ എന്നെ നശിപ്പിക്കാൻ ശ്രമിക്കും. എന്നാൽ എനിക്ക് പേടിയില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക