പൌരന്മാരുടെ സ്വാതന്ത്രം സംരക്ഷിക്കും; ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ല: പ്രധാനമന്ത്രി

വെള്ളി, 13 നവം‌ബര്‍ 2015 (08:30 IST)
ശ്രീ ബുദ്ധന്‍റെയും മഹാത്‌മ ഗാന്ധിയുടെയും നാടായ ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദം വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. ലോകം നേരിടുന്ന തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്നും അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ മോഡി ബ്രിട്ടനില്‍ പറഞ്ഞു.

രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് മോഡി പറഞ്ഞു. സാമ്പത്തിക സഹകരണവും പ്രതിരോധമുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും സഹകരിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു. ഐക്യരാഷ്ട്ര രക്ഷസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സൈനികേതര ആണവകരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ബ്രിട്ടന്‍ പങ്കാളിയാവുമെന്ന് പ്രധാനമന്ത്രി ഡേവിഡ്  കാമറൂണ്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്‍റെ സാധ്യതകള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതാണ് താനും മോഡിയും ചേര്‍ന്ന് തിരുത്താന്‍ പോകുന്നതെന്നും  കാമറൂണ്‍ പറഞ്ഞു.

ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ല. എല്ലാ പൌരന്മാരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുമെന്നും മോഡി ബ്രിട്ടനില്‍ പറഞ്ഞു. അതേസമയം, മോഡിയുടെ സന്ദർശനത്തിനെതിരെ പാർലമെന്റ് കെട്ടിടത്തിന് പുറത്ത് വൻപ്രതിഷേധമാണ് ഉയരുന്നത്.

വെബ്ദുനിയ വായിക്കുക