മോദി സർക്കാർ നൽകിയ 'ഇരുട്ടടി'; എത്ര സഹിക്കണം ജനമിത്!

വ്യാഴം, 10 നവം‌ബര്‍ 2016 (15:21 IST)
സർജിക്കൽ സ്ട്രൈക്കുകളുടെ കാലമാണല്ലോ ഇപ്പോൾ. പാകിസ്ഥാൻ സൈനികർക്ക് നേരെയുള്ള മിന്നലാക്രമണത്തിന് പിന്നാലെ കള്ളപ്പണക്കാർക്കു നേരെയും ഇന്ത്യ സർജിക്കൽ സ്ട്രൈക് നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക മറ്റൊരു സർജിക്കൽ സ്ട്രൈക് എന്നാണ് 500, 1000 നോട്ടുക‌ൾ നിരോധിച്ചതിനെ ചിലർ വിശേഷിപ്പിക്കുന്നത്.  
 
കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനം വലച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. പണം ബാങ്കിൽ സൂക്ഷിക്കുന്ന സാധാരണക്കാർ കുറവാണ് നമ്മുടെ നാടുകളിൽ എന്നത് സത്യം. കൂടുതൽ സാധാരണക്കാരുടെ കയ്യിലും 500 രൂപയുടെ നോട്ടുകൾ ആണ് ഉണ്ടാകുക. പാൽ വാങ്ങിക്കാൻ പണം വേണം, പച്ചക്കറി വാങ്ങിക്കാനും ചില്ലറ വേണം. എന്തിന് അധികം പറയുന്നു... ഒരു ഹോട്ടലിൽ കയറി ചായ കുടിക്കണമെങ്കിലും വേണം ചില്ലറ. 
 
ഇന്ത്യയിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 84 ശതമാനവും എണ്ണത്തിന്റെ 24 ശതമാനവും 500, 1000 രൂപാ നോട്ടുകളാണ്. അതുകൊണ്ടാണ് ഈ നടപടി ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പണം മാറ്റിയെടുക്കാൻ രാവിലെ മുതൽ ബാങ്കുകളിൽ ക്യൂ ആണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഒഴികെയുളളവ നോട്ടുകള്‍ മാറിനല്‍കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
 
നോട്ടുകൾ പിൻവലിച്ചതിന്റെ രണ്ടാം ദിവസമാണിന്ന്. മിക്ക ബാങ്കുകളിലും പണം മാറാനും നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവാണ്. പോസ്റ്റ് ഓഫിസുകളിലും നിരവധിപേർ എത്തിയിട്ടുണ്ട്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകൾ മാറുന്നതിനു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാലും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്താൻ രണ്ടാഴ്ച എടുക്കുമെന്നാണ് കരുതുന്നത്. 
 
കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണു തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200% പിഴ ഈടാക്കാനാണു തീരുമാനം.
 
പോസ്റ്റ് ഓഫീസുകള്‍ വഴിയും നോട്ടുകള്‍ മാറി നല്‍കുന്നുണ്ട്. എ ടി എമ്മുകള്‍ നാളെ മുതലേ പ്രവര്‍ത്തന സജ്ജമാകുകയുള്ളു. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മില്‍ എത്താന്‍ വൈകുമെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പഴയ നോട്ടിനെ അപേക്ഷിച്ച് വലുപ്പം കൂടുതല്‍ ഉള്ളതിനാല്‍ എടിഎമ്മുകള്‍ സെറ്റ് ചെയ്യേണ്ടി വരും. അതിനാല്‍ തത്കാലം ബാങ്കുകള്‍ വഴി മാത്രമെ പുതിയ രണ്ടായിരം നോട്ടുകള്‍ ലഭിക്കുകയുള്ളു. 2000 രൂപയുടെ നോട്ടുകൾ ഇതിനോടകം പലർക്കും ലഭ്യമായി തുടങ്ങി. 
 
സാധാരണജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു കുറവുമുണ്ടാകില്ല. സംസ്ഥാന സർക്കാറിനുപോലും  എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയില്ല. ട്രഷറിയിൽ സ്തംഭനമാണ്. പണം ഏതു രൂപത്തിലാണ് എടുകേണ്ടതെന്ന കാര്യത്തിലും ചിലർക്കൊക്കെ ബുദ്ധിമുട്ട് തന്നെ. ജനം അൽപ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണിത് എന്ന് അഭിപ്രായപ്പെട്ടാൽ അതിനൊന്നും ആയുസ്സില്ല, അല്ലെങ്കിൽ വിലയില്ല എന്ന് പറയേണ്ടി വരും.

വെബ്ദുനിയ വായിക്കുക