പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിവാദനായകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി
ആദിത്യനാഥിന്റേയും ചിത്രം വരച്ചതിന് മുസ്ലിം യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചശേഷം വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപണം.
ഉത്തർപ്രദേശിലെ ബല്ലിയ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. നഗ്മ പ്രവീണ്‍ എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചതിനാണ് നഗ്മയെ ഭർത്താവ് പർവേസ് ഖാനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പിതാവ് ഷംഷെർ ഖാൻ പൊലിസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പർവേസ് ഖാനും ബന്ധുക്കളും ഈ നിലപാടിനെതിരെ രംഗത്ത് എത്തി. യുവതിക്ക് മാനസിക നില നഷ്ടപ്പെട്ടു, വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയതായി എസ്പി അനിൽ കുമാർ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.