ഗൗരി ലങ്കേഷ് വധം: റഹ്‌മാന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കമൽഹാസനും
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:10 IST)
വർഗീയ വാദികളുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അപലപിച്ച് ദക്ഷിണേന്ത്യൻ താരം കമൽഹാസൻ.
“ വാദപ്രതിവാദത്തിൽ ജയത്തിനുള്ള ഏറ്റവും ഹീനമായ മാർഗമാണ് അക്രമം. തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുകയെന്നത് ഏറ്റവും ഹീനമായ മാർഗമാണ്. ഗൗരി ലങ്കേഷിന്റെ മരണത്തിൽ ദുഃഖിക്കുന്ന എല്ലാവരോടും അനുശോചനം അറിയിക്കുന്നു”- എന്നും കമൽഹാസൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓസ്കാർ ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്‌മാന്‍ രംഗത്ത് എത്തിയിരുന്നു. ‘വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റാഹ്‌മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
“രാജ്യത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിച്ചാൽ പിന്നെ എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം”- എന്നാണ് റഹ്‌മാൻ പറഞ്ഞത്.
റഹ്‌മാന്റെ നിലപാടിനെതിരെ സംഘപരിവാറും ബിജെപിയും രംഗത്ത് എത്തിയിരുന്നു. റഹ്‌മാന്‍ പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പെയ്‌ക്കൊള്ളാനാണ് സംഘപരിവാറും ബിജെപിയും പറഞ്ഞത്.