1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ 21 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. ആകാംക്ഷയുടെ മുൾമുനയിലായിരുന്നു മണിക്കൂറുകള്‍ കടന്ന് പോയത്.
മേമന്റെ രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ മേമനെ ഇന്നു പുലർച്ചെ തൂക്കിലേറ്റുമെന്ന് വാർത്തകൾ വന്നതിനു തൊട്ടുപിന്നാലെയാണ് മേമന്റെ അഭിഭാഷകൻ അർധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചത്. ആ ഹർജിയും തള്ളിയതോടെ രാവിലെ 6.30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കുകയായിരുന്നു.
വ്യാഴാഴ്‌ച വധശിക്ഷ നടപ്പാക്കണമെന്ന ടാഡാകോടതി ഉത്തരവ് നടപടികള്‍ സ്വാഭാവിക നീതി നിഷേധിക്കലാണെന്ന വാദമാണു മേമൻ സുപ്രീംകോടതി ഉന്നയിച്ചത്. എന്നാല്‍ ശിക്ഷയ്ക്കെതിരെ നൽകിയ തിരുത്തൽ ഹർജിയിൽ പാളിച്ചയില്ല. നടപടി ക്രമങ്ങളിൽ വീഴ്ചവന്നിട്ടില്ല. മേമന് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ശിക്ഷ നടപ്പാക്കും മുമ്പ് മതിയായ സാവകാശം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് വ്യക്തമാക്കിയതോടെ ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് തള്ളുകയായിരുന്നു.
തുടർന്ന് രാഷ്ട്രപതിക്ക് രണ്ടാമത്തെ ദയാഹർജി നൽകിയെങ്കിലും അതും തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദയാഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നത്. മേമന്റെ ദയാഹർജിയിൽ രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരുന്നു. ഇതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയത്.
ദയാഹർജി വീണ്ടും തള്ളിയതോടെയാണ് മേമന്റെ അഭിഭാഷകൻ അർധരാത്രിയോടെ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു, കേസ് മുൻപു പരിഗണിച്ച മൂന്നംഗ ബെഞ്ചിന് ഹർജി കൈമാറി. തുടർന്നാണ് പുലർച്ചയോടെ സുപ്രീം കോടതിയിൽ വാദം തുടങ്ങുകയും. അവസാന നിമിഷം മേമന്റെ ഹര്‍ജി തള്ളുകയുമായിരുന്നു.
അതോടെ രാവിലെ മൂന്നു മണിയോടെ യാക്കൂബ് മേമനെ വിളിച്ചുണര്‍ത്തിയിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം മൂന്നരയ്ക്കു പുതിയ വസ്ത്രങ്ങള്‍ നല്‍കി. അതിനു ശേഷം സെല്ലില്‍തന്നെ അല്‍പസമയം വിശ്രമിക്കാന്‍ അനുമതി നല്‍കി. ഇതിനിടയില്‍ മരണവാറന്റ് വായിച്ചു കേള്‍പ്പിച്ചു. അഞ്ചേമുക്കാലോടെ സെല്ലില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു. ആറേകാലിന് കഴുമരത്തിനടുത്തെത്തിച്ചു. ഇവിടെവച്ചു യാക്കൂബിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. പൂര്‍ണ ആരോഗ്യവാനാണെന്നു സാക്ഷ്യപ്പെടുത്തിയ ശേഷം 6.37ന് തൂക്കുകയര്‍ യാക്കൂബ് മേമനെ തൂക്കിലേറ്റുകയും ചെയ്‌തു. അരമണിക്കൂര്‍ തൂക്കുകയറില്‍ കിടക്കുന്ന യാക്കൂബ് മേമന്റെ മരണം ഉറപ്പാക്കി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമേ മൃതദേഹം ഇറക്കുകയും തുടര്‍ന്നു പോസ്റ്റ് മോര്‍ട്ടം ചെയ്യുകയുമായിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണറും മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ മുന്നില്‍ പിന്നീട് അവശേഷിച്ച ദയാഹര്‍ജി രാത്രി 10.50 നു തീര്‍പ്പാക്കിയതോടെ രാവിലെ ആറരയ്ക്കും ഏഴിനുമിടയില്‍ ശിക്ഷ നടപ്പാക്കുമെന്നു കാട്ടി പുലര്‍ച്ചെ 2.10ന് യാക്കൂബിന്റെ സഹോദരന്‍ സുലേമാന്‍ മേമന് നോട്ടീസ് കൈമാറിയിരുന്നു. ശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അവധിയിലായിരുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്.