നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 മാര്‍ച്ച് 2025 (18:46 IST)
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തില്‍ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍   www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണ്. 
 
ബി.എസ്.സി/ജനറല്‍  നഴ്‌സിംഗാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി  യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല.  ജനറല്‍ നഴ്‌സിംഗ് പാസ്സായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ഉയര്‍ന്ന പ്രായപരിധി  38 വയസ്സ്. അഭിമുഖം  മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ്  തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. 
 
തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ ജര്‍മ്മന്‍ ഭാഷയില്‍ എ2 അല്ലെങ്കില്‍ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. 
 
കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.   കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍