50 കോടിയുടെ ഭൂമി ഹേമമാലിനിക്ക് 70,000 രൂപക്ക് നല്‍കി മഹാരാഷ്ട്ര ബിജെപി സര്‍ക്കാര്‍
ശനി, 30 ജനുവരി 2016 (11:21 IST)
നൃത്ത കലാ അക്കാദമി സ്ഥാപിക്കാന്‍ വേണ്ടി ബി ജെ പി എം പിയും നടിയുമായ ഹേമമാലിനിക്ക് മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ തുച്ഛവിലക്ക് ഭൂമി നല്‍കിയതായി റിപ്പോര്‍ട്ട്. അന്ധേരി അമ്പിവാലിയില്‍ 50കോടി രൂപയോളം വിപണി മൂല്യമുള്ള 2,000 ചതുരശ്രമീറ്റര്‍ ഭൂമി വെറും 70,000 രൂപക്കാണ് സര്‍ക്കാര്‍ ഹേമമാലിനിക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗലിയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ ഡിസംബറിലാണ് 2,000 ചതുരശ്ര മീറ്റര്‍ ഭൂമി ഹേമമാലിനിയുടെ ട്രസ്റ്റായ 'നാട്യവിഹാര്‍' കലാകേന്ദ്രക്ക് ഉപാധികളോടെ അനുവദിച്ച് റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെ ഉത്തരവിറക്കിയത്. അക്കാദമി നിര്‍മാണ ഫണ്ടിന്റെ 25 ശതമാനം കൈവശമുണ്ടെന്ന തെളിവ് നല്‍കിയാല്‍ മാത്രമേ ഭൂമി കൈമാറ്റം പാടുള്ളൂവെന്നതാണ്‍ നിയമം. 18.48 കോടി രൂപയുടേതായിരുന്നു ഈ പദ്ധതി. 3.5 കോടി രൂപ കൈവശമുള്ളതിന്റെ തെളിവാണ് കലക്ടര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് പോരെന്നു കാണിച്ച് കലക്ടര്‍ കഴിഞ്ഞ 15ന് ഹേമമാലിനിക്ക് നോട്ടീസ് അയച്ചിരുന്നു.
1976ലെ റിയല്‍ എസ്റ്റേറ്റ് നിരക്ക് പ്രകാരമാണ് ഹേമമാലിനിയുടെ ട്രസ്റ്റിന് ഭൂമി നല്‍കിയതെന്നാണ് അനില്‍ ഗല്‍ഗലി ആരോപിച്ചത്. കൂടാതെ സംസ്ഥാനത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ ബാധ്യത നിലനില്‍ക്കെ തുച്ഛവിലക്ക് പാര്‍ട്ടി എം പിയുടെ ട്രസ്റ്റിന് ഭൂമി അനുവദിച്ചത് ശരിയായ നടപടിയല്ലയെന്നും ഗല്‍ഗലി പറഞ്ഞു. ഇത് ചോദ്യംചെയ്ത് അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയിട്ടുണ്ട്.
ഇതേ ആവശ്യത്തിന് വേണ്ടി 18 വര്‍ഷം മുമ്പ് സര്‍ക്കാര്‍ അന്ധേരിയിലെ ഓശിവാരയില്‍ 1,742 ചതുരശ്ര മീറ്റര്‍ ഭൂമി ഹേമമാലിനിയുടെ ട്രസ്റ്റിന് നല്‍കിയിരുന്നു. പ്രദേശം തീരദേശ മേഖലയില്‍പ്പെട്ടതിനാല്‍ അന്ന് കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. 10 ലക്ഷം രൂപക്കായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഭൂമിക്ക് വേണ്ടി ട്രസ്റ്റ് അപേക്ഷ നല്‍കിയത്. എന്നാല്‍ പഴയ ഭൂമി ഹേമമാലിനി തിരിച്ചുനല്‍കിയെന്ന് ഇതുവരെ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടില്ല.