മുല്ലപ്പെരിയാറില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ തയാര്‍: കേരളം

തിങ്കള്‍, 20 ഏപ്രില്‍ 2015 (12:31 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കു കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാന്‍ തയാറാണെന്നു കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. മേല്‍നോട്ടസമിതി നിര്‍ദേശിക്കുന്നവരെ മാത്രമെ അകത്തേയ്ക്കു കയറ്റിവിടുകയുള്ളുവെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി. അതേസമയം, തമിഴ്നാടിന്റെ ഉദ്യോഗസ്ഥരെ കേരളം തടയുന്നുവെന്ന് തമിഴ്നാടും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്കു മാറ്റി.

തമിഴ്നാട് പൊതുമരാമത്ത് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി അണക്കെട്ടില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് സേനകളുടെ പ്രവര്‍ത്തനം ആവശ്യമാണെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. ഇപ്പോള്‍ ഡാമിന്റെ സുരക്ഷാ ചുമതല കേരളത്തിനാണെന്നും കേരളാ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കഴിയു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

മുല്ലപ്പെരിയാറിലെ അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനില്ല. പൊലീസ്, ക്രമസമാധാന പാലനം എന്നിവ സംസ്ഥാനങ്ങളുടെ വിഷയങ്ങളാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേരള സര്‍ക്കാരിനാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക