കാരുണ്യത്തിന്റെ അമ്മ ഇന്ന് വിശുദ്ധപദത്തിൽ

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (10:50 IST)
കരുണയുടെ വർഷത്തിൽ ത്യാഗത്തിന്റെ മഹാപ്രതീകമായ അമ്മ ഇന്നു വിശുദ്ധപദവിയിലേക്ക്. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടു മണിയോടെ സെന്റ് പീറ്റേര്‍സ് ബസലിക്കയിലാണ് വിശുദ്ധ പ്രഖ്യാപനം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാവും മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യപിക്കുക.
 
മദർ തെരേസയുടെ കൂറ്റൻ ചിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളിൽ സ്ഥാപിച്ചു. ഇന്ത്യയുടെ ദേശീയപതാകയുമായി എത്തിയവരിൽ വിദേശികളുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ഇന്ന് ദര്‍ശനം നല്‍കും. സെന്റ് പീറ്റേര്‍സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ വെച്ചാണ് ദര്‍ശനം നല്‍കുക.
 
വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയില്‍ നിന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും വത്തിക്കാനിലെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക