മോഡിയുടെ 'ബേഠി ബച്ചാവോ ബേഠി പഠാവോ' കുറിക്കുകൊണ്ടു, ഹരിയാനയില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടി
വ്യാഴം, 28 മെയ് 2015 (13:10 IST)
ഒരുകാലത്ത് രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തില്‍ വിമര്‍ശന ശരങ്ങളേറ്റ് നിന്ന സംസ്ഥാനമായിരുന്നു ഹരിയാന. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്ത്രീ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഹരിയാനയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് എറ്റവും കുറവ് സ്ത്രീ പുരുഷ അനുപാതം രേഖപ്പെടുത്തിയ ഹരിയാനയിൽ പദ്ധതികള്‍ പരഖ്യാപിച്ച് പ്രാവര്‍ത്തികമാക്കിയതിനു പിന്നാലെ സ്ത്രീകളുടെ എണ്ണം ഗണ്യമായി കൂടിയതായാണ് വിവരം.
നേരത്തെ 1000 പുരുഷന്മാർക്ക് 853 സ്ത്രീകൾ എന്നത് ഇപ്പോൾ 900 ആയി വർദ്ധിച്ചുവെന്ന് കണക്കുകൾ. കേന്ദ്ര , സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച ബേഠി ബച്ചാവോ ബേഠി പഠാവോ , സുകന്യ സമൃദ്ധി യോജന, ഹരിയാന കന്യാ കോശ്, ആപ്കി ബേഠി ഹമാരി ബേഠി തുടങ്ങിയ പദ്ധതികൾ ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനകളാണിതെന്ന് കരുതപ്പെടുന്നു.
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത് ഹരിയാനയിലെ പാനിപ്പട്ടിലായിരുന്നു. ഇവിടെത്തന്നെയാണ് സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിരിക്കുന്നത്. ജിൻഡ്, റൊഹ്തക് , സോണിപട്ട് ജില്ലകളിലും ഗണനീയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട് .