എം‌എന്‍‌എസ് പൊളിഞ്ഞു തുടങ്ങി, നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നു

ബുധന്‍, 14 ജനുവരി 2015 (09:08 IST)
രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന( എം‌എന്‍‌എസ്) തകര്‍ന്നു തുടങ്ങിയതായി വാര്‍ത്തകള്‍. പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് കൂട്ടപ്പാച്ചില്‍ നടക്കുകയാണ്. എം‌എന്‍‌എസിന്റെ കോട്ട എന്ന് അറിയപ്പെടുന്ന നാസിക്കില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ എണ്ണം അനുദിനം കൂടി വരികയാണ്. നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം‌എന്‍‌എസ്സിനുണ്ടായ നാണംകെട്ട പരാജയമാണ് നേതാക്കളുടെ കൂട്ടപ്പൊഴിച്ചിലിനു കാരണമായത്..
 
കഴിഞ്ഞ ദിവസം മുന്‍ എം‌എല്‍‌എമാരായ മൂന്ന് ഉന്നത നേതാക്കള്‍ എം‌എന്‍‌എസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുംബയ് എംഎല്‍എ ആയിരുന്ന പ്രവീണ്‍ ദാരേക്കര്‍, നാസിക് എംഎല്‍എ ആയിരുന്ന വസന്ത് ഗീതേ, കല്യാണ്‍-ഡോംബിവ്‌ലി എംഎല്‍എ ആയിരുന്ന രമേഷ് പാട്ടീല്‍ എന്നിവരാണ് ബിജെപിയിലെത്തിയത്. മറ്റൊരു എംഎന്‍‍എസ് എം എല്‍ എ ആയിരുന്ന രാം കദം തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ബിജെപിയില്‍ ചേക്കേറുകയും ഘാട്കോപ്പറില്‍ നിന്ന് നിയമസഭയിലെത്തുകയും ചെയ്തിരുന്നു.
 
പാര്‍ട്ടിയുടെ മോശം സമയത്ത് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് രാജ് താക്കറേയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍‍എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. നിയമസഭയില്‍ 13 പേരുണ്ടായിരുന്നിടത്ത് ഒറ്റയാളായി ചുരുങ്ങി. ഇതിനിടയില്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്യുന്നു. രാജ് താക്കറെ ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
 
ശിവസേനാ നേതാവായ ഉദ്ദവ് താക്കറെയുയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്. തുടക്കത്തില്‍ ശിവസേനയ്ക്ക് കനത്ത വെല്ലുവിളിയായിരുന്നു എം‌എന്‍‌എസ് ഉയര്‍ത്തിയത്. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശിവസേനാ സ്ഥാനാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് എം‌എന്‍‌എസ് ഉയര്‍ത്തിയിരുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക