ഇതുവരെ ഉത്‌പാദിപ്പിച്ചത് 6 കോടിയിലധികം കൊവാക്‌സിൻ ഡോസുകൾ, വിതരണം ചെയ്‌തത് 2.1 കോടി മാത്രം, കണക്കുകളിൽ പൊരുത്തക്കേട്

വെള്ളി, 28 മെയ് 2021 (13:40 IST)
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള കണക്കില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തത് ഏകദേശം 2.1 കോടി ഡോസ് കൊവാക്‌സിൻ ഡോസുകൾ മാത്രമാണ്. എന്നാൽ 6 കോടിയിലധികം ഡോസുകളാണ് വിതരണം ചെയ്യേണ്ടിയിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
കഴിഞ്ഞ മാർച്ചിൽ 1.5 കോടി ഡോസുകള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞതായാണ് ഭാരത് ബയോടെക്ക് ഏപ്രില്‍ 20-ന് വ്യക്തമാക്കിയത്. ഏപ്രില്‍ അവസാനത്തോടെ ഉത്പാദനം രണ്ടുകോടിയാക്കുമെന്നും മേയ് മാസത്തില്‍ വാക്‌സിന്‍ ഡോസുകളുടെ ഉത്പാദനം മൂന്നുകോടിയാകുമെന്നും കമ്പനി സി.ഇ.ഒ. കൃഷ്ണ എല്ല അറിയിച്ചിരുന്നു. ഇത്തരത്തിൽ മെയ് അവസാനമാകുമ്പോൾ 5.5 കോടി ഡോസ് വാക്‌സിനുകളാണ് ലഭ്യമാകേണ്ടിയിരുന്നത്.
 
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പ്രതിമാസം രണ്ടുകോടി ഡോസ് കോവാക്‌സിന്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ കൈവശം രണ്ട് കോടി ഡോസ് കൈവശമുള്ളതായി രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കും മുൻപ് കമ്പനി സിഇഒ കൃഷ്‌ണ എല്ല അറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുക്കുമ്പോൾ 7.5 കോടി ഡോസ് വാക്‌സിൻ വരും. വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതായും കണക്കുകളില്ല.
 
ആകെ 6.6 കോടി ഡോസ് വാക്‌സിനാണ്. ഇന്ത്യ കയറ്റുമതി ചെയ്‌തത്. ഇതിൽ അധികവും കോവിഷീല്‍ഡ് വാക്‌സിനാണ്. ആകെ കയറ്റുമതി ചെയ്തതില്‍ രണ്ടുകോടി കോവാക്‌സിന്‍ ആണെങ്കിൽ പോലും വാക്‌സിൻ കണക്കിൽ കോടികളുടെ വ്യത്യാസം വരും. രാജ്യത്ത് കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍