കേന്ദ്രമന്ത്രിസ്ഥാനം സ്‌മൃതി ഇറാനി രാജി വെക്കണമെന്ന് കനയ്യ കുമാര്‍

ഞായര്‍, 6 മാര്‍ച്ച് 2016 (14:54 IST)
കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി തല്‍സ്ഥാനം രാജി വെക്കണമെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‌കിയ അഭിമുഖത്തിലായിരുന്നു കനയ്യ കുമാര്‍ ഇത് ആവശ്യപ്പെട്ടത്. 
 
വിദ്യാഭ്യാസ രംഗത്തെ പുരോഗമന നടപടികൾക്ക് എതിര് നിൽക്കുന്ന സ്മൃതി ഇറാനിക്ക് മന്ത്രിപദവിയിൽ തുടരാന്‍ അർഹതയില്ലെന്നും കനയ്യ പറഞ്ഞു.
 
അതേസമയം, കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ എത്തുമെന്നും കനയ്യ വ്യക്തമാക്കി. ജെ എൻ യുവിൽ ഇടതു വിദ്യാർഥി സംഘടനകൾ പരസ്പരം മത്സരിക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കനയ്യ വ്യക്തമാക്കി.
 
ജയിൽമോചിതനായ കനയ്യ കുമാർ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ജെ എന്‍ യുവിന് എതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു ജി സി സമരവും രോഹിതിന് നീതി തേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ ആരോപിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക