ഇന്ന് എംഎഫ് ഹുസൈന്റെ നൂറാം ജന്മദിനം‍; ആദരവുമായി ഗൂഗിളിന്റെ ഡൂഡില്‍

വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (16:25 IST)
വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരമായി ഗൂഗിള്‍ ഡൂഡില്‍ ഒരുക്കി. ജീവിച്ചിരുന്നെങ്കില്‍ ഹുസൈന്‍ ഇന്ന് തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. 1915 സെപ്തംബര്‍ 17ന്‌ ജനിച്ച എം എഫ് ഹുസൈന്‍ 2011 ജൂണ്‍ ഒമ്പതിനാണ് മരിച്ചത്. 
 
1940കളിലാണ് ഹുസൈന്‍ ചിത്രകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയത്. 1952ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് യൂറോപ്പിലും അമേരിക്കയിലും ഹുസൈന്‍ എന്ന ചിത്രകാരന്‍ അംഗീകരിക്കപ്പെട്ടു.
 
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
 
2011 ജൂൺ 9ന്‌ രാവിലെ ലണ്ടനിൽ വെച്ചാണ് ഹുസൈന്‍ അന്തരിച്ചത്.

വെബ്ദുനിയ വായിക്കുക