ഒരേ മരുന്നിന് പല വില ഇനി പറ്റില്ല, മരുന്നു കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ കലക്കന്‍ പണി വരുന്നു
വെള്ളി, 26 ജൂണ്‍ 2015 (13:29 IST)
ഒരേ മരുന്നിന് പല വില ഈടാക്കുന്ന മരുന്നുകമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഒരേ രാസ സംയുകതങ്ങള്‍ ഉപയോഗിക്കന്ന പല കമ്പനിഒകളുടെ മരുന്നുകളെ എല്ലാം ഒറ്റകുടക്കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍ ഫാര്‍മ്മ ഡാറ്റ ബാങ്ക് തയ്യാറാക്കും. രാജ്യത്തെ എല്ലാ മരുന്ന് കമ്പനികളുടെയും ഉത്പന്നങ്ങളെകുറിച്ചും വില സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
രാജ്യത്തൊട്ടാകെ 10000ല്‍പരം മെഡിക്കല്‍ കമ്പനികളുണ്ട്.ഒരു ലക്ഷത്തോളം മരുന്നുകളാണ് ഈ കമ്പനികളൊല്ലാം ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നത് . ചില മരുന്നുകള്‍ ക്ക് ഉല്‍പാദനച്ചെലവിന്റെ രണ്ടായിരം മടങ്ങ് വരെ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത് . വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ വില അന്തരം കുറക്കാനാകും.ഔഷധ മേഖലയിലെ കിടമത്സരത്തിന് തടയിടാനും അതുവഴി മരുന്ന് വിലകുറയാനും വിലവിവരങ്ങള്‍ പ്രസിദ്ധപെടുത്തുന്നത് പ്രയോജനചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഒരേ മരുന്നിന് പല വില ഈടാക്കുന്ന മരുന്നുകമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ഔഷധമന്ത്രാലയത്തിനു കീഴിലുള്ള ഔഷധ വിലനിര്‍ണയ അതോറിറ്റിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര രാസവള , ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് മന്ത്രി അനന്ത് കുമാര്‍ നല്‍കി. രണ്ട് മാസത്തിനകം വിവരങ്ങള്‍ തയ്യാറാക്കി വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.രാജ്യത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മന്ത്രി അറിയിച്ചു.