ഭൂഗർഭപാതയിലൂടെയുള്ള ഇന്ധനവരവിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് മണിപ്പൂർ. അവിടെ റോഡുമാർഗമുള്ള ലഭ്യതകൂടി നിലച്ചാലോ? അതാണ് ഇംഫാൽ - ദിമാപൂർ, ഇംഫാൽ - സിൽചർ ഹൈവേകളിൽ കരിഞ്ചന്തക്കാരുടെ അഴിഞ്ഞാട്ടത്തിന് കാരണമായിരിക്കുന്നത്. ലിറ്ററിന് 160 മുതൽ 190 രൂപ വരെ നൽകിയാണ് ജനങ്ങൾ കരിഞ്ചന്തയിൽ നിന്ന് ഇവിടെ ഇപ്പോൾ പെട്രോൾ വാങ്ങുന്നത്.
ഇന്ധനം വരുന്ന പ്രധാന പാതകളെല്ലാം തടസപ്പെട്ടതോടെ പെട്രോളിന് മാത്രമല്ല ഉള്ളി, ഉരുളക്കിഴങ്ങ്, പയർ എന്നിവയ്ക്കെല്ലാം വില ഇരട്ടിയായി ഉയർന്നു. നാഗാലാൻഡിൻറെ ഫെസാമ ഏരിയയിലുണ്ടായ വലിയ മണ്ണിടിച്ചിൽ മൂലം ഓഗസ്റ്റ് മധ്യം മുതൽ ഇംഫാൽ - ദിമാപൂർ ഹൈവേ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇംഫാൽ - സിൽചർ ഹൈവേയിൽ പാലം തകരാറിലായതോടെ മണിപ്പൂരിലേക്കുള്ള ഇന്ധന - പച്ചക്കറി നീക്കം നിലച്ചു.