പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (15:58 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു. പാലക്കാട് ഒലവക്കോട് സ്വദേശിയായ സോമസുന്ദരന്റെ മകള്‍ ധന്യയാണ് (23) ബുധനാഴ്ച വൈകിട്ട് കുത്തേറ്റ് മരിച്ചത്. മേട്ടുപ്പാളയത്ത് വച്ചാണ് പാലക്കാട് പുത്തൂര്‍ സ്വദേശിയായ ശക്കീര്‍(27) എന്ന യുവാവ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശക്കീറിനെ പൊലീസ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ പിടികൂടി. എന്നാല്‍ മാരകമായ വിഷവസ്തു കഴിച്ച്‌ ഗുരുതരാവസ്ഥയലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
പൊംഗലൂരിലെ ഒരു ഐടി കമ്ബനിയില്‍ ജോലി നോക്കുകയായിരുന്നു ധന്യ. ദീര്‍ഘകാലമായി ഇയാള്‍ ധന്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ധന്യ ഇതു നിരസിച്ചു.  കൂടാതെ മലയാളിയായ അധ്യാപകനുമായി ധന്യയുടെ വിവാഹ നിശ്ചയം നടക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ധന്യയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
 
പാലക്കാട് ഒലവക്കോട് പുതുപ്പെരിയാര്‍ സ്വദേശിയായ സോമസുന്ദരനും കുടുംബവും കഴിഞ്ഞ 33 വര്‍ഷത്തോളമായി മേട്ടുപ്പാളയത്തായിരുന്നു താമസം. ധന്യയുടെ മൃതദേഹം ഇപ്പോള്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ധന്യയുടെ പിതാവ് സോമസുന്ദരം അണ്ണൂരില്‍ ടെയ്ലറായി ജോലി ചെയ്തു വരുകയാണ്. മാതാവ് ശാരദ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക