മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്സേയുടെ പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി നീക്കം നടത്തുന്നതിനിടെ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവെന്ന് പഠിപ്പിക്കുന്നതിനും നോട്ടുകളില്‍ ഗാന്ധി ചിത്രങ്ങള്‍ പതിക്കുന്നതിനും എതിര്‍പ്പുമായി ഹിന്ദുമഹാസഭ രംഗത്ത്. സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും മഹാത്മജിയെ രാഷ്ട്രപിതാവെന്നു പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം.
ഇക്കാര്യ ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം നീക്കി പകരം ഛത്രപജി ശിവജി, മഹാറാണാ പ്രതാപ്, ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭ വര്‍ക്കിങ് പ്രസിഡന്റ് കമലേഷ് തിവാരി മാധ്യമങ്ങള്‍ക്കുമുമ്പാകെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കുള്ള കത്ത്.
ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് വിവാദങ്ങള്‍ക്ക് തുടക്കമിട്ട ഹിന്ദുമഹാസഭ ഇയാള്‍ക്കായി ക്ഷേത്രവും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉത്തര്‍പ്രദേശില്‍ ശിലാസ്ഥാപനവും ഇവര്‍ നടത്തി. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഗോഡ്സേയുടെ പ്രതിംകളും ക്ഷേത്രങ്ങളും സ്ഥാപിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.