കൃഷിനഷ്‌ടത്തെ തുടര്‍ന്ന് മഹാരാഷ്‌ട്രയില്‍ 2015 മെയ് വരെ ആത്മഹത്യ ചെയ്‌തവരുടെ എണ്ണം 1,088 വരുമെന്ന് കണക്കുകള്‍. നേരത്തെ രേഖപ്പെടുത്തിയ കണക്കുകളേക്കാള്‍ രണ്ട് മടങ്ങ് അധികം വരുന്നതാണ് പുതിയ കണക്കുകള്‍. ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് വെറും 601 കേസുകള്‍ മാത്രമായിരുന്നു.
പരുത്തികൃഷിക്ക് പ്രാധാന്യമുള്ള വിദര്‍ഭയാണ് സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 545. ഇതില്‍ മാര്‍ച്ച് വരെ 319 കേസുകള്‍ ഉണ്ടായി. രണ്ടാം സ്‌ഥാനത്തുള്ള മറാത്താവാഡയില്‍ 367 പേര്‍. മാര്‍ച്ച് വരെ 215 പേരായിരുന്നു ആത്മഹത്യ ചെയ്‌തത്. നാസിക്കില്‍ 130 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ പൂനെയില്‍ 26 കേസുകള്‍ ഉണ്ടായി. കൊങ്കണിലാണ് ഏറ്റവും കുറവ് ഒരാള്‍.
നഷ്‌ടപരിഹാരം എന്ന നിലയില്‍ 4,000 കോടിയാണ് പ്രഖ്യാപിച്ചത്. അതേസമയം 545 പേര്‍ മാത്രമാണ് കൃഷി നഷ്‌ടവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌തതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആത്മഹത്യ ചെയ്‌തവരില്‍ സ്വന്തം കൃഷിഭൂമിയുള്ളവരെ മാത്രമെ കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തതായി കണക്കാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവര്‍ക്ക് മാത്രമെ സര്‍ക്കാര്‍ സഹായം നല്‍കാനും സാധിക്കൂ എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ കനത്ത വരള്‍ച്ചയും കാലംതെറ്റിയുള്ള മഴയുമായിരുന്നു കര്‍ഷകരെ ചതിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.