മാഗി നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പന നിർത്തിയെന്ന് നെസ്‌ലെ

വെള്ളി, 5 ജൂണ്‍ 2015 (08:31 IST)
ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ അമിത തോതില്‍ രാസസാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താല്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്ലെ അറിയിച്ചു. നെസ്‌ലെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാഗി 2 മിനിറ്റ്സ് നൂഡില്‍സ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതല്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണെന്നും നെസ്ലെ അറിയിച്ചു. ഗുണമേന്മ വ്യക്തമാക്കിയശേഷം മാഗി തിരിച്ചെത്തുമെന്നും നെസ്ലെ വ്യക്തമാക്കി.
 
വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മാഗി നൂഡില്‍സിന്റെ വില്‍പ്പന നെസ്ലെ നിര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കാഷ്മീര്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒരു മാസത്തേക്കും തമിഴ്നാട്ടില്‍ മൂന്നു മാസത്തേയ്ക്കും മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. ആയിരത്തിലധികം സൈനിക കാന്റീനുകളിലും മാഗി നിരോധിച്ചിട്ടുണ്ട്. 
 
ഛത്തീസ്ഗഡിൽ റായ്പൂരിലെ നെസ്‌ലെ ഇന്ത്യ ഗോഡൗണിൽ റെയ്ഡ് നടത്തി. മഹാരാഷ്ട്ര, കർണാടക, ബംഗാൾ, തെലങ്കാന, ജാർഖണ്ഡ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, അസം സർക്കാരുകൾ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, മാഗിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചതിനു ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കു മധുര ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നോട്ടീസ് അയച്ചു.
 

വെബ്ദുനിയ വായിക്കുക