എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാർശ കേന്ദ്രം തള്ളി

വെള്ളി, 3 ജൂലൈ 2015 (11:24 IST)
എംപിമാരുടെ ശമ്പളം ഇരട്ടിയായും പെന്‍ഷന്‍ 75 ശതമാനവും വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്ര സർക്കാർ തള്ളി. എംപിമാരുടെ പെൻഷനിൽ 75 ശതമാനം വർദ്ധനയും ശുപാർശ ചെയ്യുന്നതായിരുന്നു യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് ശുപാർശ നല്‍കിയത്.

യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ 65 നിർദേശങ്ങളിൽ 18 എണ്ണം തള്ളുകയും 15 എണ്ണം അംഗീകരിക്കില്ലെന്നും സർക്കാർ അറിയിച്ചു. മൂന്നു നിർദേശങ്ങൾ ആവശ്യ സമയത്തു പരിഗണിക്കാമെന്നും നാലെണ്ണത്തിൽ നിലവില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ തീരുമാനം. സിറ്റിങ് ഫീ ഗണ്യമായി കൂട്ടാനും സമിതി ശുപാർശ ചെയ്തിരുന്നു. ഇതും സർക്കാർ പരിഗണിച്ചില്ല.

60ഓളം നിര്‍ദേശങ്ങളാണ് ശുപാര്‍ശയിലുള്ളത്. വിമാനയാത്രയില്‍ 20 മുതല്‍ 25 ശതമാനം വരെ സൌജന്യം അനുവദിക്കണം. ട്രെയിന്‍ യാത്രയിലാണെങ്കില്‍ കൂടെ വരുന്ന പേഴ്‍സണല്‍ സെക്രട്ടറി പോലുള്ളവര്‍ക്കും കൂടി സൌജന്യ എസി ക്ലാസ് ടിക്കറ്റ് അനുവദിക്കണം. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എംപിമാര്‍ക്ക് ലഭിക്കുന്ന പ്രതിദിന അലവന്‍സ്  2000 രൂപ എന്നത് വര്‍ധിപ്പിക്കണം എന്നീ തരത്തിലുള്ള ആവശ്യങ്ങളാണ് ശുപാര്‍ശയിലുള്ളത്.

നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. ശുപാര്‍ശ നടപ്പായാല്‍ ഇരുപതിനായിരം രൂപയുള്ള പെന്‍ഷന്‍ 35,000 രൂപയായി ഉയരും. 2010 ലാണ് ഏറ്റവുമൊടുവില്‍ എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. നിലവില്‍ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഏകദേശം 1.4 ലക്ഷത്തോളം രൂപ പ്രതിമാസം എംപിമാര്‍ കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകള്‍.

സർക്കാർ ചെലവിൽ താമസം, 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4000 കിലോ ലിറ്റർ വെള്ളം, വർഷത്തിൽ 50,000 സൗജന്യ ഫോൺ കോള്‍ എന്നീ സൌകര്യങ്ങള്‍ എംപിമാര്‍ക്കുണ്ട്.

വെബ്ദുനിയ വായിക്കുക