മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ലഷ്കര്‍ ഭീകരന്‍ സാഖി ഉര്‍ റഹ് മാന്‍ ലഖ് വിയെ മോചിപ്പിച്ചതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ നീക്കം ആരംഭിച്ചു. സംഭവത്തില്‍ ഐക്യരാഷാട്ര സംഘടനയ്ക്ക് ഇന്ത്യ രേഖാമൂലം പരാതി നല്‍കി. ഭീകര ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്ന യുഎന്‍ സമിതിക്കാണ് ഇന്ത്യയുടെ പ്രതിനിധി അശോക് മുഖര്‍ജി പരാതി നല്‍കിയത്. ലഖ്വിയുടെ മോചനം യുഎന്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.
ജയിലില്‍ കഴിയുന്ന ലഖ് വി ജാമ്യ തുകയായി വന്‍ തുക കെട്ടിവെച്ചാണ് ജയില്‍ മോചിതനായത്. ഈ പണം ആരാണ് നല്‍കിയതെന്നുള്‍പ്പെടെയുളള കാര്യങ്ങള്‍ പരാതിയില്‍ ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിക്കണമെന്ന യുഎന്‍ നിബന്ധന കാറ്റില്‍പറത്തിയാണ് ലഖ് വി ജാമ്യത്തുക സംഘടിപ്പിച്ചതെന്നും പരാതിയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ യുഎസും റഷ്യയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഖ് വിയുടെ മോചനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യം പാക്കിസ്ഥാനെ ബോധ്യപ്പെടുത്തി ലഖ്‌വിയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇന്ത്യ കത്തില്‍ ആവശ്യപ്പെടുന്നു. യുഎന്നിലെ അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഉപരോധ സമിതി. അതേസമയം ഇന്ത്യ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ വിഷയത്തില്‍ പാക്കിസ്ഥാനെ യുഎന്‍ ആശങ്ക അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറപ്പ് പാലിക്കണമന്നും യുഎന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയുടെ പരാതി ഗൌരവമുള്ളതാണെന്ന് സമിതിക്ക് ബോധ്യമായാല്‍ പാകിസ്ഥാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. എന്നാല്‍ യുഎന്നിലെ സ്ഥിരാംഗമായ ചൈനയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ചിനയ്ക്ക് വീറ്റോ അധികാരം ഉള്ളതിനാല്‍ ചൈനയെ ആശ്രയിച്ചാകും തീരുമാനങ്ങള്‍ ഉണ്ടാകുക.