നിയമത്തിനും മുകളിലല്ല രാഷ്‌ട്രപതിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ബുധന്‍, 20 ഏപ്രില്‍ 2016 (13:53 IST)
എല്ലാം നിയമത്തിന് വിധേയമാണെന്നും രാഷ്‌ട്രപതിക്കും തെറ്റു പറ്റാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി. രാഷ്‌ട്രപതിയുടെ ഉത്തരവ് നിയമത്തിനു മുകളിലല്ലെന്നും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലായിരുന്നു ഈ പ്രതികരണം. രാഷ്‌ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്‌ട്രപതിയുടെ ഉത്തരവെന്ന്കോടതി നിരീക്ഷിച്ചു.
 
അതേസമയം, രാഷ്‌ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ലെന്നും മറിച്ച് എല്ലാം നിയമത്തിന്റെ കീഴിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക