ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ മുംബൈയിലെത്തി. കർഷക കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷിഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
കർഷക പ്രതിഷേധത്തിനു പിന്തുണയർപ്പിച്ച് ശിവസേനയും എംഎൻഎസും എന്‍സിപിയും ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തി. എന്നാൽ കർഷകർ നിയമസഭാ പരിസരത്തേക്ക് എത്താൻ പാടില്ലെന്ന കർശ്ശന നിർദേശം സർക്കാർ പൊലീസിനു നൽകി കഴിഞ്ഞു. അതിനാൽ സമരക്കാരെ പൊലീസ് ആസാദ് മൈതാനത്തേക്ക് വഴിതിരിച്ചു വിട്ടേക്കും. എന്നാൽ സമരക്കാർ ഇതിനു തയ്യാറായില്ലെങ്കിൽ ഒരുപക്ഷേ സമരം സംഘർഷത്തിലേക്ക് നീങ്ങിയേക്കും.
മുംബൈ നഗരത്തിൽ നിന്ന് 200 കിലോ മീറ്റര്‍ അകലെ നാസികില്‍ നിന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച റാലിക്ക് തുടക്കമായത്. 50,000ത്തിലധികം പേര്‍ ഇപ്പോൾതന്നെ റാലിയില്‍ അണിനിരന്നിട്ടുണ്ട്. റലി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആദിവാസികൾ ഉൾപ്പെടെ സമരത്തിൽ പങ്കുചേരാൻ എത്തിച്ചേരുകയായിരുന്നു.