എണ്ണ കമ്പനികൾക്ക് മുന്നില്‍ സര്‍ക്കാന്‍ വീണ്ടും മുട്ടുമടക്കി; മണ്ണെണ്ണ വില ഇനി മാസം തോറും വര്‍ദ്ധിക്കും

ബുധന്‍, 13 ജൂലൈ 2016 (20:00 IST)
പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില മാസം തോറും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് പ്രതിമാസം 25 പൈസ വീതം വർദ്ധിപ്പിക്കുന്നതിനാണ് കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയത്. 2017 ഏപ്രില്‍ വരെയാണ് അനുമതി. ഇതു സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയിട്ടില്ല.

സബ്‍സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം ലിറ്ററിന് 13 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന വാദമാണ് എണ്ണക്കമ്പനികൾ ഉയർത്തി‍യത്. എല്ലാ മാസവും ഇത്തരത്തിൽ എണ്ണക്കമ്പനികൾക്ക് വില വർദ്ധിപ്പിക്കുന്നതിലൂടെ പത്തുമാസം കൊണ്ട് ലിറ്ററിന് രണ്ടര രൂപ വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കും.

നിലവില്‍ 42 ശതമാനം സബ്‍സിഡി നിരക്കിലാണ് പെതുവിതരണ സമ്പ്രദായത്തില്‍ മണ്ണെണ്ണ വില്‍ക്കുന്നത്. വില വർധനയിലൂടെ വർഷം 1000 കോടിയുടെ സബ്സിഡി ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണു സർക്കാർ കരുതുന്നത്. ഈ മാസം ഒന്നാം തിയതി 25 പൈസ കൂട്ടിയിരുന്നു. വര്‍ഷങ്ങളായി എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക