ലോ അക്കാദമിക്ക് വമ്പന്‍ തിരിച്ചടി; സർക്കാരിന് ഭൂമി തിരിച്ചെടുക്കാം, ഹോട്ടലും ബാങ്കും ഒഴിപ്പിക്കണമെന്നും റവന്യു സെക്രട്ടറിയുടെ റിപ്പോർട്ട്

ബുധന്‍, 8 ഫെബ്രുവരി 2017 (19:02 IST)
തിരുവനന്തപുരം ലോ അക്കാദമി മാനേജ്മെന്‍റിനു തിരിച്ചടിയായി റവന്യു സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്. പ്രധാനമായും നാലു നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഉപയോഗിക്കാതെ കിടക്കുന്ന ആറര ഏക്കർ സ്ഥലം സർക്കാര്‍ തിരിച്ചെടുക്കണമെന്നതാണ് പ്രധാനം.

കെഎൽഎ ആക്റ്റിലെ റൂൾ 8 (3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് നിർദേശം. അക്കാദമിയുടേതായി നിർമിച്ചിരിക്കുന്ന മെയിൻ ഗേറ്റും റോഡും പുറമ്പോക്കിലായതിനാൽ ഇത് പിടിച്ചെടുക്കണം, നിർമാണപ്രവർത്തനങ്ങൾ പൊളിക്കണം. ലോ അക്കാദമി മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നത്. ഇത് കളക്ടർ പിടിച്ചെടുക്കണം തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഗവർണർ രക്ഷാധികാരിയായ ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റായി മാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത് അന്വേഷിക്കാനും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക