കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. അതിര്‍ത്തിയുലൂറ്റെ നുഴഞ്ഞുകയറിയ ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടിയത്. ഇതില്‍ ഒരാളെ സുരക്ഷാ സേന വെടിവച്ചുകൊന്നു. നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.
നുഴഞ്ഞുകയറിയ മൂന്നു ഭീകരര്‍ സാല്‍ക്കോട്ട് ഗ്രാമത്തിലെ വീട്ടില്‍ ഒളിച്ചിരിപ്പിണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചടിച്ചു. ഇതിനിടെയാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.
ഡിസംബര്‍ അഞ്ചിന് ജമ്മുകശ്മീരില്‍ നാലിടത്തുണ്ടായ ഭീകരാക്രമണത്തില്‍ ലെഫ്. കേണലുള്‍പ്പെടെ എട്ട് സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മൊഹ്‌റ പട്ടണത്തിലെ പട്ടാളക്യാമ്പിനു നേരേയാണ് പ്രധാന ആക്രമണമുണ്ടായത്.
ശ്രീനഗറടക്കം മറ്റുചില പ്രദേശങ്ങളിലും ഭീകരര്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.