കാശ്മീരില്‍ ആക്രമണം നടത്തിയത് ലഷ്കര്‍ ഇ തൊയിബ; സഹായിച്ചത് പാക്കിസ്ഥാന്‍

ഞായര്‍, 7 ഡിസം‌ബര്‍ 2014 (13:04 IST)
ഇരുപത്തിയൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കാശ്മീരിലെ നാലിടങ്ങളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ ലഷ്കര്‍ ഇ തൊയിബയാണ് ആക്രമണ പരമ്പര നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഈ കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് കശ്മീരിലെ കരസേനയുടെ ചുമതലയുള്ള ലഫ്റ്റനന്റ് ജനറല്‍ സുബ്രത സാഹ അറിയിച്ചു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് കശ്മീരിലെ നാലിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടന്നത്. ഭീകരര്‍ പ്രത്യേക പരിശീലനം നേടിയവരാണെന്നും. ഇവരുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ പാക്ക് നിര്‍മിതമാണെന്ന് വ്യക്തമായതായി ലഫ് ജനറല്‍ പറഞ്ഞു. ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് ഭീകരര്‍ ഉപയോഗിച്ചിരുന്ന കൂടുതല്‍ ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പാക്ക് സൈന്യത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് സഹായം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരില്‍ നിന്നും വീണ്ടെടുത്ത ഭക്ഷണ പായ്ക്കറ്റുകള്‍ പാക്ക് സൈന്യം ഉപയോഗിക്കുന്നതാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന കൂടുതല്‍ തെളിവുകളുമായി ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക