ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്നു മകനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിൻ.
ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഇപ്പോള്‍ ഉള്ളതെന്നും സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, കരുണാനിധി എത്രയും വേഗം സുഖം പ്രാപിക്കട്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മോദി സ്റ്റാലിനോടും കനിമൊഴിയോടും മോദി ഫോണിൽ വിവരങ്ങൾ തിരക്കി. അതിനിടെ, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പെടെയുള്ള മന്ത്രിമാരും നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസനും വസതിയിലെത്തി സ്റ്റാലിനെ സന്ദർശിച്ചു.
ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. നഴ്സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു സംഘം ഇവിടെയുണ്ട്.