കർണാടകയിൽ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി; 2023 വരെ മത്സരിക്കാനാവില്ല

വെള്ളി, 26 ജൂലൈ 2019 (09:03 IST)
സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച മൂന്നു വിമത എംഎല്‍എമാരെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് എംഎല്‍എമാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ പറഞ്ഞു. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു
 
താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍ ശങ്കര്‍ സ്പീക്കറെ അറിയിച്ചിരുന്നു. അതേസമയം 16 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കി. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്നാണ് ബിജെപി പറഞ്ഞത്.ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നും ബിജെപി വക്താവ് ജി. മധുസൂധന്‍ പറഞ്ഞിരുന്നു.തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.
 
കോണ്‍ഗ്രസിലെ 13 എംഎല്‍എമാരും ജെഡിഎസില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. സ്പീക്കര്‍ ഇവരുടെ രാജി സ്വീകരിക്കുന്നതുവരെ ഇവര്‍ നിയമസഭയിലെ അംഗങ്ങളായി തുടരുകയും സഭയിലെ അംഗബലം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 ആയി നിലനില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കണണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍