രാഹുൽ സഞ്ചരിച്ച വിമാനം പറന്നത് അപകടകരമായ രീതിയിൽ; കാലാവസ്ഥ ശാന്തം, പിന്നെങ്ങനെ? അട്ടിമറിയുണ്ടെന്ന് കോൺഗ്രസ്

വെള്ളി, 27 ഏപ്രില്‍ 2018 (09:06 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാർ. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേയാണ് രാഹുൽ സഞ്ചരിച്ച വിമാനം അപകടകരമായ രീതിയിൽ പറന്നത്. യാത്രാമധ്യേ ആടിയുലഞ്ഞ് ഇടത്തോട്ട് ചെരിഞ്ഞ വിമാനം മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറക്കാനായത്. 
 
പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട് താഴേക്കു ചരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഭവത്തില്‍ അന്വേക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന് പരാതി നല്‍കി.
 
വിമാനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ച കൈലാഷ് വിദ്യാര്‍ഥി തകരാര്‍ സംബന്ധിച്ചു കര്‍ണാടക ഡിജിപിക്കു പരാതി നല്‍കി. രാംപ്രീത്, രാഹുല്‍ രവി, എസ്പിജി ഉദ്യോഗസ്ഥന്‍ രാഹുല്‍ ഗൗതം എന്നിവരാണു കൈലാഷിനെ കൂടാതെ രാഹുലിനൊപ്പം പ്രത്യേക വിമാനത്തില്‍ ഉണ്ടായിരുന്നത്.
 
കാലാവസ്ഥ ശാന്തമായ അവസ്ഥയിൽ ഇത്തരത്തിൽ വിമാനത്തിൽ തകരാർ കണ്ടതിൽ ദുരൂഹതയുണ്ടെന്നാണു കോൺഗ്രസ് പറയുന്നത്. അതേസമയം ഓട്ടോ പൈലറ്റ് മോഡില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതെന്നും മാന്വല്‍ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍