കലങ്ങിമറിഞ്ഞ് കര്‍ണാടകം, അവകാശവാദമുന്നയിച്ച് ബി‌ജെ‌പി; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി

ചൊവ്വ, 15 മെയ് 2018 (18:52 IST)
കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അവസരം നല്‍കണോ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിന് അവസരം കൊടുക്കണോ എന്നതാണ് ഗവര്‍ണര്‍ക്ക് മുമ്പിലുള്ള ആശയക്കുഴപ്പം. ബി ജെ പിക്ക് ആദ്യം അവസരം നല്‍കുമെന്നാണ് സൂചനകള്‍.
 
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ബി ജെ പി നേതാക്കളും കോണ്‍ഗ്രസ് - ജെഡി‌എസ് നേതാക്കളും ഗവര്‍ണറെ കണ്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അനന്ത്‌കുമാറിനൊപ്പം ഗവര്‍ണറെ കണ്ട യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. സിദ്ധരാമയ്യയ്ക്കൊപ്പം ഗവര്‍ണറെ കാണാനെത്തിയ കുമാരസ്വാമിയും അവകാശവാദമുന്നയിച്ചു.
 
കോണ്‍ഗ്രസ് - ജെഡി‌എസ് ധാരണ അനുസരിച്ച് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെ ഡി എസിന് 14 മന്ത്രിമാരും ഉണ്ടാകും. എന്നാല്‍ ഈ ധാരണയെല്ലാം ഗവര്‍ണറുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. 
 
222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 78 സീറ്റും ജെ ഡി എസിന് 37 സീറ്റും ലഭിച്ചു. ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് വോട്ടെണ്ണലിന്‍റെ ഒരു ഘട്ടം വരെ വിശ്വാസമുണ്ടായിരുന്ന ബി ജെ പിക്ക് മുന്നില്‍ പക്ഷേ ഉച്ചയ്ക്ക് ശേഷം ചിത്രം മാറി. 104 സീറ്റുകളിലേക്ക് അവര്‍ ഒതുങ്ങി.
 
അതുവരെ ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ നിരാശയിലായി. ഉടന്‍ ചടുലനീക്കം നടത്തി സോണിയഗാന്ധി കളം പിടിക്കുകയും ചെയ്തു. എന്തായാലും ഗവര്‍ണറുടെ തീരുമാനങ്ങളിലാണ് കര്‍ണാടക ആരുഭരിക്കണം എന്ന വലിയ ചോദ്യം ഇപ്പോള്‍ കുരുങ്ങിക്കിടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍