കരിപ്പൂർ; സുരക്ഷാ വീഴ്ചയില്ലെന്ന് എഡിജിപി; വ്യോമയാന മന്ത്രാലയ യോഗം ഇന്ന്

വെള്ളി, 12 ജൂണ്‍ 2015 (08:13 IST)
കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങൾ സംബന്ധിച്ച് ഉത്തരമേഖല എഡിജിപി ശങ്കർ റെഡ്ഡി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിലെ വെടിവെപ്പിൽ സുരക്ഷാ വീഴ്ച്ചകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, സംഭവങ്ങൾ വിലയിരുത്താൻ ഇന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ചേരും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ അധ്യക്ഷതയിലാണ് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. സിഐഎസ്എഫ് ഐജിയും വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്ന് റിപ്പോര്‍ട്ടുകള്‍ കൈമാറിയേക്കും. 
 
പുറത്ത് നിന്നാരും വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ സാഹചര്യത്തില്‍ സുരക്ഷാ വീഴ്ച്ചകൾ സംഭവിച്ചിട്ടില്ലെന്ന് എഡിജിപി ശങ്കർ റെഡ്ഡി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാഴാഴ്‌ച രാത്രിയാണ് അദ്ദേഹം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. 
 
ഈ റിപ്പോര്‍ട്ട് പ്രകാരമാണ് ജീവനക്കാര്‍ക്കെതിരേയുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുക. കസ്‌റ്റഡിയിലെടുത്ത ജീവനക്കാരെ ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യും. അതേസമയം ഇരു വിഭാഗവും തമ്മിലുള്ള ചേരിപ്പോരുകള്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് രണ്ട് കോടി രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായതായിട്ടാണ് ലഭിക്കുന്ന വിവരം. 
 
വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഭവങ്ങൾ ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തിയ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ജവാന്‍ മരിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കിട്ടിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഇന്നലെ വൈകീട്ട് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
 
സിഐഎസ്എഫ് ജവാന്റെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് വ്യോമയാന ജോയിന്റ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ബലമായി തോക്ക് തട്ടിപ്പറിച്ച് വെടിയുതിർത്തു എന്നാണ്. ഈ സാഹചര്യത്തിൽ ഇരു മന്ത്രാലയങ്ങളും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചേക്കും.
 
കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഭവങ്ങളെക്കുറിച്ച് സിഐഎസ്എഫും രഹസ്യാന്വേഷണ ബ്യൂറോയും നല്കിയ റിപ്പോര്‍ട്ടുകളില്‍ സമാനമായ കണ്ടത്തെലാണുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റി ഫയര്‍ സര്‍വ്വീസ് ജീവനക്കാരന്‍ സുരക്ഷാ പരിശോധനയുമായി സഹകരിക്കാത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് വാക്കു തര്‍ക്കം നടന്നു. ഫയര്‍സര്‍വ്വീസ് ജീവനക്കാരന്‍ പതിനഞ്ചു പേരെ വിളിച്ചു കൊണ്ട് വന്ന് സിഐഎസ്എഫ് എസ് ഐ എസ് ആര്‍ ചൗധരിയെ ആക്രമിച്ചു.
 
സംഘര്‍ഷത്തിനിടെ എസ് ഐ ചൗധരിയുടെ തോക്ക് ഫയര്‍സര്‍വ്വീസ് ജീവനക്കാരന്‍ പിടിച്ചു വാങ്ങി ഒരു റൗണ്ട് വെടിവച്ചു. 
വെടിവെപ്പില്‍ ചൗധരിയുടെ വിരലിന് പരുക്കേറ്റു. ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ്എസ് യാദവ് തലയ്ക്ക് വെടിയേറ്റ് മരിച്ചു എന്നും ലഹളയുണ്ടാക്കല്‍ ഉള്‍പ്പടെ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം സിഐഎസ്എഫ് ജവാന്റെ കൈയ്യില്‍ നിന്ന് തോക്ക് പിടിച്ചു വാങ്ങിയിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയം പറയുന്നു. സിഐഎസ്എഫ് ജവാന്റെ കൈയ്യിലിരിക്കെയാണ് വെടിയുതിര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 
 

വെബ്ദുനിയ വായിക്കുക