സൌരവ് കാലിയ കേസ്: നിലപാട് തിരുത്തി കേന്ദ്ര സര്ക്കാര്
ക്യാപ്റ്റന്‍ സൌരവ് കാലിയ കേസില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്. നേരത്തെ വിഷയത്തില്‍ രാജ്യാന്തര കോടതിയെ സമീപിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെയാണ് കേന്ദ്രം നിലപാട് തിരുത്തിയത്.
1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ഒരു മാസം മുന്‍പാണ് സൗരവ് പാക്ക് സൈന്യത്തിന്റെ പിടിയിലാകുന്നത്. ഒരു മാസത്തോളം തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സൗരവിന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറിയിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും സിഗരറ്റ് ഉപയോഗിച്ച് മുഖം പൊള്ളിച്ച നിലയിലുമായിരുന്നു മൃതദേഹം. വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.