മുടിയില്‍ പിടിച്ചു വലിച്ചു; നിലത്ത് വീണ കനയ്യയെ ചവിട്ടിക്കൂട്ടി, ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും പൊലീസ് നോക്കി നിന്നു- ബിജെപി അഭിഭാഷകരുടെ നെറികെട്ട അഴിഞ്ഞാട്ടം
ബുധന്‍, 17 ഫെബ്രുവരി 2016 (15:57 IST)
ജഹവര്‍ലാല്‍ നെഹ്‌റു വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ എത്തിച്ച ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍. അമ്പതോളം വരുന്ന ബിജെപി, സംഘപരിവാര്‍ അഭിഭാഷകര്‍ അഴിഞ്ഞാടിയതോടെ കോടതി വളപ്പ് സംഘര്‍ഷഭരിതമാകുകയായിരുന്നു.
400 ഓളം വരുന്ന പൊലീസിനെ കാഴ്‌ചക്കാരാക്കിയാണ് അഭിഭാഷകര്‍ ആക്രമം നടത്തിയത്. ബിജെപിക്കാരല്ലാത്ത ആരെയും കോടതിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച അഭിഭാഷകര്‍ പൊലീസ് സംരക്ഷണയോടെ എത്തിയ കനയ്യ കുമാറിനെ ആക്രമിക്കുകയായിരുന്നു. കൂട്ടമായെത്തിയ അഭിഭാഷകര്‍ കനയ്യയുടെ മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളി വീഴ്‌ത്തുകയുമായിരുന്നു. നിലത്തു വീണ അദ്ദേഹത്തെ ചവിട്ടുകയും തൊഴിക്കുകയും ചെയ്‌തു. ഈ സമയമെല്ലാം പൊലീസ് കാഴ്‌ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷ നല്‍കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയും മറികടന്ന് അഭിഭാഷകന്‍ കനയ്യ കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടു. 10 മിനിറ്റിനകം പൊലീസ് അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് പട്യാല ഹൌസ് കോടതിയിലെത്തി റിപ്പോര്‍ട്ട് ശേഖരിക്കുക. കനയ്യകമാറിനെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പട്യാല ഹൌസ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കോടതി പരിസരം ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.