എന്റെ മകന്‍ കസ്‌റ്റഡിയില്‍ മരിച്ചാല്‍ ആര് ഉത്തരം പറയും; താൻ ദേശവിരുദ്ധന്‍റെ അമ്മയല്ല - കനയ്യയുടെ മാതാവ്, തങ്ങൾക്കൊപ്പം ഗ്രാമം മുഴുവനുമുണ്ടെന്ന് പിതാവ്
വെള്ളി, 19 ഫെബ്രുവരി 2016 (09:32 IST)
തീഹാര്‍ ജയിലില്‍വെച്ച് തന്റെ മകൻ മരിച്ചാൽ ആര് ഉത്തരം പറയുമെന്നു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ മാതാവ് മീനാദേവി. ജീവൻ നഷ്ടപ്പെട്ടതിന് ശേഷം അവന്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുക. ആര്‍ക്കാണ് നേട്ടമുണ്ടാകുക. അവന്‍ രാജ്യദ്രോഹിയാണെന്ന് മുദ്രകുത്തുന്നവര്‍ പട്യാല ഹൗസ് കോടതിയി മകനെ ആക്രമിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. താൻ ദേശവിരുദ്ധന്‍റെ അമ്മയല്ലെന്നും മീനാദേവി പറഞ്ഞു.
കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മീനാദേവിയുടെ ചോദ്യങ്ങൾ.
ഇതിനിടെ, വസതിയിൽ സുരക്ഷ ഏർപ്പെടുത്താനുള്ള നീക്കം കനയ്യ കുമാറിന്റെ പിതാവ് നിരസിച്ചു. തങ്ങൾക്കൊപ്പം ഗ്രാമം മുഴുവനുമുണ്ട്. പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സുരക്ഷ ശക്തമാക്കി. മക്സാസ്പൂര്‍ ടോലയിലെ വീടിന്റെയും ബന്ധുക്കളുടെയും സുരക്ഷക്കായി അഞ്ച് പൊലീസുകാരെയും ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.
അതേസമയം, കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. കനയ്യയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സോളി സൊറാബ്ജി, രാജു രാമചന്ദ്രന്‍ എന്നിവര്‍ ഹാജരാകും. തനിക്കെതിരേ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് കനയ്യ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കു ഭീഷണിയുണ്ടെന്നും പട്യാല ഹൌസ് കോടതിയില്‍ രണ്ടു ദിവസവും ആക്രമണം നേരിട്ടതിനാല്‍ അവിടെനിന്നു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും ഹര്‍ജിയില്‍ കനയ്യ ചൂണ്ടിക്കാട്ടി. പട്യാല ഹൌസ് കോടതിയിലുണ്ടായ ആക്രമണ സംഭവങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കുന്ന ജസ്റീസുമാരായ ജെ.ചെലമേശ്വര്‍, എ.. സപ്രേ എന്നിവരുടെ ബെഞ്ച് തന്നെയാവും ഇന്നു കനയ്യയുടെ ഹര്‍ജിയും പരിഗണിക്കുക.