വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നാവായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല; ജെ എന്‍ യുവിലെ എബിവിപിയില്‍ കൂട്ടരാജി

വ്യാഴം, 18 ഫെബ്രുവരി 2016 (18:47 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ എ ബി വി പിയില്‍ കൂട്ടരാജി. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ നാവായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജെ എന്‍ യുവിലെ എ ബി വി പി മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചത്. ഫേസ്‌ബുക്കിലുടെയാണ് നേതാക്കള്‍ രാജി തീരുമാനം അറിയിച്ചത്.  
 
“ജെ എന്‍ യുവിലെ എ ബി വി പി സംഘടനയില്‍  നിന്ന് രാജി വെച്ച എ ബി വി പി ജോയിന്റ് സെക്രട്ടറിയായ ഞാന്‍ പ്രദീപ് നര്‍വാളും എ ബി വി പി സെക്രട്ടറി  അങ്കിത്ത് ഹന്‍സും പ്രസിഡന്റ് രാഹുല്‍ യാദവും എ ബി വി പിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇനി തുടരില്ല. ഞങ്ങളുടെ ആശയങ്ങള്‍ എന്‍ ഡി എ സര്‍ക്കാരിന്റെ ആശയങ്ങളുമായി ഒത്തു പോകില്ല. ജെ എന്‍ യു സംഭവത്തെ തുടര്‍ന്ന് നടന്നു കൊണ്ടിരിക്കുന്നത് ഞങ്ങളുടെ പ്രത്യയശാസ്ത്രത്തെ തകര്‍ക്കുന്നു.  ഇടതുപ്രവര്‍ത്തകരെ മൊത്തം രാജ്യ
വിരുദ്ധരായി മുദ്രകുത്തുകയാണ്.'  പ്രദീപ് നര്‍വാള്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
ഇതിനിടെ, പ്രദീപ് നര്‍വാളിന്റെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്തതാണെന്നും അവരാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, തന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും താന്‍ തന്നെയാണ് രാജിവാര്‍ത്ത ഫേസ്‌ബുക്കില്‍ ഇട്ടതെന്നും മറ്റൊരു പോസ്റ്റിലൂടെ പ്രദീപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക