ഡോക്ടര്‍മാരുടെ കൈകള്‍ അരിയുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി
ശനി, 18 ഒക്‌ടോബര്‍ 2014 (17:39 IST)
ദരിദ്രരെ അവഗണിക്കുന്ന ഡോക്ടര്‍മാരുടെ കൈകള്‍ അരിയുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ രാം മഞ്ജി. സംസ്ഥാനത്തെ രോഗികളെ അവഗണിക്കുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ബിഹാര്‍ മുഖ്യമന്ത്രി ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.
അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതില്‍ തനിക്ക് മടിയില്ലെന്നും. എന്തു ശിക്ഷയും വന്നോട്ടെയെന്നും ജീതന്‍ രാം മഞ്ജി പറഞ്ഞു. ഈസ്റ്റ് ചമ്പാരണിലെ മോത്തിഹാരിയില്‍ റാലിയില്‍ പ്രസംഗിക്കവെയാണ് ബിഹാര്‍ മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്.
അടുത്ത കാലത്ത് ഗാന്ധി മൈതാനത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ വൈകിപ്പിച്ച ഡോക്ടര്‍മാരെ സ്ഥലംമാറ്റിയും സൂപ്രണ്ടിനെ സസ്‌പെന്റു ചെയ്തുമാണ് മുഖ്യമന്ത്രി നടപടിയെടുത്തത്. വിവാഹപ്രായം 25 വയസ്സായി ഉയര്‍ത്തണമെന്ന് പറഞ്ഞ് നേരത്തെ വിവാദം സൃഷ്ടിച്ച നേതാവുകൂടിയാണ് ജീതന്‍ രാം മഞ്ജി.