ജയലളിതയ്‌ക്ക് വിഷം നൽകിയെന്ന്; വിഷയം സുപ്രീംകോടതിയിൽ
ബുധന്‍, 14 ഡിസംബര്‍ 2016 (14:16 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹർജി ഈയാഴ്ച കോടതി പരിഗണിക്കും. അമ്മയ്‌ക്ക് വിഷം നൽകിയെന്ന് സംശയിക്കുന്നതായി ആരോപണമുയർത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സന്നദ്ധ സംഘടനയാണ് ഹർജി നൽകിയത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ആരോഗ്യ സ്‌ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും അതേക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മെഡിക്കൽ രേഖകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പനിയും നിര്‍ജ്ജലീകരണവും മൂല്ലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പലതവണ പുറത്തുവിട്ടുകൊണ്ടിരുന്ന വാർത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാർഗം. ഇതുമായി ബന്ധപ്പെട്ട് ജയലളിതയുടെ മരണശേഷം നിരവധിപ്പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.