നെഹ്റുവിന് പിന്നാലെ വിവരാവകാശ നിയമത്തേയും പടിക്ക് പുറത്താക്കി ! രാജ്യത്തിന്റെ അഭിമാനമായിരുന്നു അത്, പിന്നിൽ ഗൂഢലക്ഷ്യമെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സന്‍ഗതന്‍

ബുധന്‍, 18 മെയ് 2016 (13:32 IST)
രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും രാജ്യത്ത് വൻ മാറ്റങ്ങൾ കൊണ്ടുവന്ന വിവരാവകാശ നിയമത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ പുതുക്കിയ സിലബസില്‍ നിന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവരാവകാശ നിയമത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.
 
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു 2004 ല്‍ യുപിഎ സര്‍ക്കാര്‍ വിവരാവകാശ നിയമം നടപ്പിലാക്കിയത്. ഇതാണ് ഇത്തരമൊരു തീരുമാനത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഒരു നിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സന്‍ഗതന്‍ കുറ്റപ്പെടുത്തി.
 
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉൾപ്പെടുത്തിയിരുന്ന ഭാഗങ്ങൾ ഇതേ പുസ്തകത്തിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയാണിത്. പുതിയ അധ്യയന വർഷത്തിലേക്കുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലെ രണ്ട് അധ്യായങ്ങളിൽ ഉണ്ടായിരുന്ന നെഹ്റുവിനെ പരാമർശിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഇതിനെതിരെ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് തുടങ്ങി പ്രമുഖർ രംഗത്ത് വന്നിരുന്നു.
 
ലോകത്തെങ്ങുമുള്ള പാഠപുസ്തകങ്ങളിൽ തല പൊക്കി നിൽക്കുന്ന നിയമത്തെയാണ് രാജസ്ഥാനിലെ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഉദയ്പുർ ആസ്ഥാനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ്ങ് ആണ് പുസ്തകങ്ങൾ പരിഷ്കരിച്ചത്.

വെബ്ദുനിയ വായിക്കുക