ജാട്ട് പ്രക്ഷോഭം ഫലം കണ്ടു; സംവരണം നല്‌കാമെന്ന് സര്‍ക്കാര്‍

തിങ്കള്‍, 22 ഫെബ്രുവരി 2016 (08:31 IST)
സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗം നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. കഴിഞ്ഞദിവസം സമരനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജാട്ടുകള്‍ക്ക് പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
 
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജാട്ട് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സംവരണം നല്‌കാന്‍ തീരുമാനമായത്. ഇതിനായി, അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇതിനായുള്ള ബില്ല് അവതരിപ്പിക്കുമെന്ന് ഹരിയാനയിലെ ബി ജെ പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം, കേന്ദ്രസര്‍വ്വീസിലെ സംവരണ സാധ്യത പഠിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്നും അതിനു ശേഷമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക