കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജമ്മു കശ്‌മീര്‍ നിയുക്ത മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയെ സന്ദര്‍ശിച്ചു. ഞായറാഴ്ച ആയിരുന്നു കൂടിക്കാഴ്ച. കശ്‌മീര്‍ മുഖ്യമന്ത്രിയും മെഹ്‌ബൂബയുടെ പിതാവുമായ മുഫ്‌തി മുഹമ്മദ് സയീദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ആയിരുന്നു കൂടിക്കാഴ്ചയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ശ്രീനഗര്‍ ഗുപ്കാറിലെ മുഫ്തിയുടെ വസതിയില്‍ സോണിയ എത്തിയത്. മെഹ്‌ബൂബയും സോണിയയും 20 മിനിറ്റോളം സംസാരിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അംബികാ സോണി, സൈഫുദ്ദീന്‍ സോസ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡൻറ് ജി എ മിര്‍റും എന്നിവരും സോണിയ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, സോണിയയുടെ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മുഫ്‌തി മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മകളും പി ഡി പി നേതാവുമായ മെഹ്‌ബൂബ മുഫ്‌തി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നായിരുന്നു പി ഡി പി നേതൃത്വം നല്കിയ സൂചന. എന്നാല്‍, പിതാവിന്റെ നിര്യാണത്തിലുള്ള ദു:ഖം മാറും മുമ്പ് സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറല്ലെന്നാണ് മെഹ്‌ബൂബയുടെ നിലപാട്. അടുത്തയാഴ്ച മാത്രമേ അധികാരം ഏറ്റെടുക്കാന്‍ മെഹ്‌ബൂബ തയ്യാറാകുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്.