കശ്മീര്‍ സംഘര്‍ഷം: പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കും പങ്ക്, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി

ചൊവ്വ, 12 ജൂലൈ 2016 (08:12 IST)
മൂന്നു ദിവസമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം രൂക്ഷമാക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടവും പാക്ക് ആസ്ഥാനമായ ഭീകരസംഘടനകളും ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കശ്മീരില്‍ തുടരുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ പാക്കിസ്ഥാന്റെ പങ്കിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
 
കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുടെ വധത്തില്‍ അഗാധ നടുക്കം പ്രകടിപ്പിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ബുര്‍ഹാന്‍ വാനിയെ കശ്മീരി നേതാവ് എന്നാണു പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാടാന്‍ കുടൂതല്‍ വാനിമാര്‍ ഉയര്‍ന്നുവരുമെന്ന് പാക്ക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സായിദും പ്രസ്താവനയിറക്കിയിരുന്നു. 
 
നവാസ് ഷരീഫിന്റെ പ്രസ്താവനയോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. കശ്മീരില്‍ ഇടപെടാതെ വിട്ടുനില്‍ക്കാന്‍ ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കി. അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ ഇടപെടാതിരിക്കുന്നതായിരിക്കും നല്ലതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക